ഈ രാജകീയ നിമിഷങ്ങള്‍ക്ക്‌ ചരിത്രം സാക്ഷി

കൊച്ചി: ഒരേയൊരു ദിവസം! പണ്ട്‌ പഠിച്ചിറങ്ങിപ്പോന്ന കലാലയത്തിലേക്ക്‌, സഹപാഠികളെക്കാണാന്‍ ചെറായിക്കാരന്‍ നമ്പാത്ത്‌ രാമചന്ദ്രന്‍ കുവൈറ്റില്‍നിന്ന്‌ പറന്നെത്തിയത്‌ ഈയൊരൊറ്റ ദിവസത്തേക്ക്‌ മാത്രമാണ്‌. ഒരേയോരു ദിവസം!! എന്നും സൂര്യനസ്‌തമിക്കുംമുമ്പ്‌ ഒരിക്കലെങ്കിലും ഈ കലാലയമുറ്റത്തൊന്ന്‌ കാല്‍കുത്താന്‍, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഒരു മുടക്കവും വരുത്തിയിട്ടില്ലാത്ത അധ്യാപിക രോഹിണി ടീച്ചറും ഈയൊരൊറ്റ ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഒരുപാട്‌ സ്വപ്‌നങ്ങളുമായി ഈ നടുമുറ്റത്തുനിന്നിറങ്ങിപ്പോയവരെല്ലാം ഒത്തുകൂടിയ പകല്‍. അത്യുന്നത നീതിപീഠത്തിലെ ന്യായാധിപന്‍ മുതല്‍ രാജ്യരക്ഷാമന്ത്രി വരെ ഓര്‍മ്മകളുടെ പഴയ ക്ലാസ്‌മുറികളില്‍ വന്നിരുന്നു. വേര്‍പിരിയലിന്റെ വേനലില്‍ കൂട്ടുചേരലിന്റെ കുളിര്‍തെന്നലായി "മഹാരാജകീയം"മാറി. എറണാകുളം മഹാരാജാസ്‌ കോളേജ്‌ പൂര്‍വവിദ്യാര്‍ത്ഥി അസോസിയേഷന്റെ നേതൃത്വത്തിലാണ്‌, "മഹാരാജകീയം" പുനഃസമാഗമ പരിപാടി ഒരുക്കിയത്‌. രാഷ്ട്രീയ-സാംസ്‌കാരിക നായകര്‍ക്കൊപ്പം സാഹിത്യവും സിനിമയും സംഗീതവും കീഴടക്കിയ മഹാരാജാസുകാരും ഒന്നിനുപിറകെ ഒന്നായി ശനിയാഴ്‌ച കാമ്പസിലേക്ക്‌ വിരുന്നുവന്നു. സുപ്രിംകോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണനാണ്‌ "മഹാരാജകീയം" സമ്മേളനം ഉദ്‌ഘാടനംചെയ്‌തത്‌. കോളേജിന്റെ നടുമുറ്റത്തെ വിശാലമായ മരത്തണലില്‍ ഒരുക്കിയ വേദിയില്‍ അദ്ദേഹം വിളക്കുകൊളുത്തുമ്പോള്‍ ഒപ്പം ധനമന്ത്രി ഡോ.തോമസ്‌ ഐസക്ക്‌, വനം മന്ത്രി ബിനോയ്‌ വിശ്വം, ഡോ.സെബാസ്റ്റ്യന്‍പോള്‍ എം.പി., ഡോ.എം.ലീലാവതി, യു.എ.ഇ.യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, സംസ്‌കൃത സര്‍വകലാശാലാ വി.സി. ഡോ.കെ.എസ്‌.രാധാകൃഷ്‌ണന്‍, ഡോ.വി.പി. ഗംഗാധരന്‍, ജസ്റ്റിസ്‌ ഹാറൂണ്‍ അല്‍-റഷീദ്‌, ജസ്റ്റിസ്‌ കെ.സുകുമാരന്‍, എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഒപ്പമുണ്ടായിരുന്നു. പരിപാടിയുടെ മുഖ്യസംഘാടകനും കാര്‍ഷിക സര്‍വകലാശാലാ വി.സി.യുമായ കെ.ആര്‍.വിശ്വംഭരന്‍ അധ്യക്ഷനായി. 43 വര്‍ഷം മുമ്പ്‌ മഹാരാജാസില്‍നിന്ന്‌ പഠിച്ചിറങ്ങിപ്പോയതും പിന്നെ മകന്റെ അഡ്‌മിഷനുവേണ്ടി വക്കീലിന്റെ കുപ്പായത്തില്‍ ഇവിടെ കയറിവന്നതുമൊക്കെ ചീഫ്‌ ജസ്റ്റിസ്‌ ഓര്‍മിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയും വൈകാതെ ചടങ്ങിനെത്തി. തനിക്കൊപ്പം ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചിലിരുന്ന്‌ പഠിച്ചവരെയൊക്കെ പേരെടുത്തു വിളിച്ചായിരുന്നു ആന്റണിയുടെ പ്രസംഗം. ചടങ്ങിനുശേഷം നേരെ തന്റെ പഴയ "താവള"മായിരുന്ന ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ്‌ ആന്റണി പോയത്‌. അവിടെയും ചേര്‍ത്തലക്കാരെയും പെരുമ്പളത്തുകാരെയും കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ""നിങ്ങളുടെ സൗഭാഗ്യമാണിത്‌..."" താന്‍ മൂന്നു കൊല്ലം പഠിച്ച സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്‍ പോയത്‌. ലാബിനു മുന്നില്‍ കണ്ട കുട്ടികളോട്‌ ""നിങ്ങള്‍ക്ക്‌ പാറ്റയും പ്രാണിയുമൊക്കെ കിട്ടുന്നുണ്ടോ.."" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സുവോളജി മ്യൂസിയത്തില്‍ തിമിംഗലത്തിന്റെ തലയോട്ടിക്കുമുമ്പില്‍ ചീഫ്‌ ജസ്റ്റിസ്‌ അത്‌ഭുതംകൂറി നിന്നു. പിന്നെ, ഗാലറിയില്‍ തന്റെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ഫോട്ടോയ്‌ക്ക്‌ പോസ്‌ചെയ്‌തു. എണ്‍പത്‌ പിന്നിട്ട പ്രഭാകരന്‍ പിള്ള സാറും ചീഫ്‌ ജസ്റ്റിസിന്റെ സഹപാഠികളായിരുന്ന ഡോ.വി.എസ്‌.വിജയന്‍, പ്രൊഫ. കലാമണി, രാജഗോപാല്‍, എം.ജെ.ജേക്കബ്‌ എംഎല്‍എയുടെ ഭാര്യ തങ്കമ്മ തുടങ്ങിയവരൊക്കെ അദ്ദേഹത്തോടൊപ്പം സൗഹൃദം പങ്കുവച്ചു. ചടങ്ങിനെത്താന്‍ കഴിയാതെപോയ, കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി നടന്‍ മമ്മൂട്ടി മെര്‍ക്കാറയില്‍നിന്ന്‌ മൊബൈല്‍ഫോണിലൂടെ സന്ദേശമെത്തിച്ചു. ഉച്ചഭക്ഷണത്തിനുശേഷം മഹാരാജാസിലെ "പ്രണയദമ്പതി"മാരുടെ കൂട്ടായ്‌മ, ഗാനമേള, കോമഡിസ്‌കിറ്റ്‌ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. നടന്‍ സലിംകുമാര്‍, കലാഭവന്‍ അന്‍സാര്‍, ടിനിടോം, സാജന്‍ പള്ളുരുത്തി തുടങ്ങിയ ഓള്‍ഡ്‌ സ്റ്റുഡന്റ്‌സായിരുന്നു ഇതിന്‌ നേതൃത്വം നല്‍കിയത്‌. ഡി.ഷൈജുമോന്‍