മഹാരാജാസിന്റെ സ്വന്തം ചേച്ചി അഥവാ ടീച്ചര്‍

കൊച്ചി: "ഞാന്‍ ആദ്യം സ്‌നേഹിച്ചത്‌ ഈ പ്രകൃതിയെയാണ്‌, വന്‍ മരത്തിനൊപ്പം പുല്ലിനും സ്ഥാനമുള്ള കാമ്പസ്‌. പിന്നെ പതിയെ ഈ കോളേജ്‌ മുഴുവന്‍ എന്റെ സ്വന്തമായി". മഹാരാജാസ്‌ ചേച്ചിയുടെ സ്ഥാനം നല്‍കുന്ന രോഹിണി ടീച്ചറിന്റെ വാക്കുകളാണിത്‌. കഴിഞ്ഞ 17 വര്‍ഷമായി ഈ കോളേജില്‍ രോഹിണിയുണ്ട്‌. ആദ്യം വിദ്യാര്‍ഥിയായി. പിന്നെ പേരിട്ട്‌ വിളിക്കാനില്ലാത്ത ഒരു അടുപ്പത്തില്‍. കഴിഞ്ഞ നാലു വര്‍ഷമായി ഇംഗ്ലീഷ്‌ അധ്യാപികയായി. മഹാരാജാസിന്റെ പുതുതലമുറയ്‌ക്ക്‌ രോഹിണി ടീച്ചറെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ചിലര്‍ക്ക്‌ ചേച്ചിയായും മറ്റു ചിലര്‍ക്ക്‌ ടീച്ചറായും മഹാരാജാസില്‍ ടീച്ചര്‍ പരിചിതതന്നെ. 1981ല്‍ ബി.എസ്‌.സി. സുവോളജി വിദ്യാര്‍ഥിയായാണ്‌ രോഹിണി മഹാരാജാസിലെത്തുന്നത്‌. തുടര്‍ന്ന്‌ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. 86ല്‍ കോളേജില്‍നിന്നും പുറത്തിറങ്ങി. പിന്നെ ഗവേഷണവും അധ്യാപിക ജോലിയുമെല്ലാമായി അലച്ചില്‍. ഇതിനിടെയും സ്വന്തം വീട്ടിലേക്കെത്തുന്ന ഉത്സാഹത്തോടെ ഇടയ്‌ക്കിടെ മഹാരാജാസിലെത്തും. "ഓരോ കൊല്ലവും എനിക്കിവിടെ പുതിയ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ കാണാനായി എത്തി പതിയെ കാമ്പസിനോട്‌ സൗഹൃദത്തിലായി. ഇവിടെ ഒറ്റയ്‌ക്കിരിക്കുമ്പോഴും ചുറ്റും ആരൊക്കെയോ ഉള്ളപോലെയാണ്‌". കോണ്‍വെന്റിന്റെ നാല്‌ ചുവരുകള്‍ക്കുള്ളില്‍നിന്ന്‌ എത്തിയപ്പോള്‍ മഹാരാജാസ്‌ ആദ്യം ഒരു അത്ഭുതമായിരുന്നുവെന്ന്‌ രോഹിണി പറയുന്നു. 2004ലാണ്‌ മഹാരാജാസില്‍ ഇംഗ്ലീഷ്‌വിഭാഗം അധ്യാപികയായി രോഹിണി ടീച്ചര്‍ എത്തുന്നത്‌. ഇടയ്‌ക്ക്‌ തൃപ്പൂണിത്തുറ ഗവണ്മെന്റ്‌ കോളേജിലേക്ക്‌ ജോലി മാറ്റംവന്നു. എന്നാല്‍ അഞ്ചു മാസത്തിനുശേഷം ടീച്ചര്‍ മഹാരാജാസില്‍ തിരിച്ചെത്തി. ഇനി എന്നും മഹാരാജാസില്‍ തന്നെയാകട്ടെ... ടീച്ചര്‍ പ്രാര്‍ഥിക്കുന്നത്‌ ഇതൊന്നുമാത്രം.