പ്രണയഭരിതമായി വീണ്ടും മഹാരാജാസ് വിളിച്ചപ്പോള്‍....

കൊച്ചി: പ്രണയിനികള്‍ക്കു വേണ്ടിയാണോ ഇൌ വേദി ?ചിലരെങ്കിലും അങ്ങനെ സംശയിച്ചുകാണും.’’ആ നറുംസൌവര്‍ണ കാലമെനിക്കുമൊട്ടാനന്ദദായകമായിരുന്നു-മഹാരാജാസ് കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ വേദിക്കു മുകളില്‍ ചങ്ങമ്പുഴക്കവിതയുടെ വരികള്‍ ജീവന്‍ തുടിച്ചുനിന്നു.ആ സൌവര്‍ണകാലത്തിന്റെ മധുരവും പേറി അവര്‍ ഇരുപതോളം പേര്‍ വേദിയിലെത്തി. ’മഹാരാജകീയത്തിലെ ഏറ്റവും ’ഗാമറസ് പരിപാടിയായിരുന്നു അത്. മഹാരാജാസില്‍ ജീവിതസഖിയെ കണ്ടെത്തിയവര്‍ ഒത്തുചേര്‍ന്ന നിമിഷം. പ്രണയത്തിന്റെ കല്ലുംമുള്ളും താണ്ടി ഒന്നായവര്‍. ക്യാംപസ് പ്രണയത്തെ അതിന്റെ വഴിക്കുവിടാതെ ജീവിതത്തിന്റെ പുല്‍മേട്ടില്‍ ഒന്നിച്ചുമേയാന്‍ തീരുമാനിച്ചവരുടെ കൂട്ടായ്മ. 48 ദമ്പതിമാരാണു വേദിയില്‍ കയറാന്‍ പേരു നല്‍കിയത്. പക്ഷേ, മുഖ്യസംഘാടകനായ സിഐസിസി ജയചന്ദ്രന്‍ പേരുവിളിച്ചപ്പോള്‍ എത്തിയത് ഇരുപതു പേരായിരുന്നു. ചിലര്‍ സദസില്‍ തന്നെ ചിരി പങ്കിട്ട് ഇരുന്നു. മറ്റു ചിലര്‍ പിരിയന്‍ ഗോവണിയില്‍ മക്കളും കൊച്ചുമക്കളുമൊത്ത് ഗ്രൂപ്പ്ഫോട്ടോയ്ക്കിരുന്നു.
പ്രണയത്തിന്റെ കാല്‍പ്പനിക വഴികളില്‍ കൈകോര്‍ത്തവരില്‍ പ്രമുഖരുമുണ്ടായിരുന്നു. വേദിയിലേക്ക് ആദ്യമെത്തിയവരില്‍ മുന്‍ എംഎല്‍എ പി.ടി. തോമസും ഭാര്യ ഉമയും സാഹിത്യകാരി ഗ്രേസിയും ഭര്‍ത്താവ് ശശികുമാറും ഉണ്ടായിരുന്നു. സദസിലിരുന്ന ജസ്റ്റിസ് കെ. സുകുമാരനും ഉഷാസുകുമാരനും നാണിക്കാതെ കടന്നുവരണമെന്ന് അനൌണ്‍സര്‍ പറഞ്ഞപ്പോള്‍ ഇരുവരും ഒാടിയെത്തി. തങ്ങള്‍ പ്രണയിച്ചതു വിവാഹശേഷമായിരുന്നുവെന്ന സുകുമാരന്റെ വിധിന്യായത്തോട് ഉഷയും യോജിച്ചു.
ദമ്പതിമാര്‍ക്കെല്ലാം മഹാരാജാസ് പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്റെ ഉപഹാരം നല്‍കി.