അനുരാഗത്തിന്റെ കലാലയ മുറ്റത്ത്‌ വീണ്ടും

കൊച്ചി: ജീവിതം കോര്‍ത്തിണക്കിയ കലാലയ മുറ്റത്ത്‌ കാലങ്ങള്‍ക്കുശേഷം ഒരു ഒത്തുകൂടല്‍. സംവത്സരങ്ങള്‍ മിന്നിമറഞ്ഞെങ്കിലും മധുരിക്കുന്ന ഓര്‍മകള്‍ മാഞ്ഞില്ല. അവ ഓര്‍ത്തെടുത്ത്‌ സ്‌നേഹം മൊട്ടിട്ട ക്ലാസ്‌ മുറിക്കരികിലൂടെ അവര്‍ കൈപിടിച്ചു നടന്നു. മഹാരാജാസില്‍ പഠിച്ച്‌ പ്രണയിച്ച്‌വിവാഹിതരായവരുടെ സംഗമമായിരുന്നു അത്‌."മഹാരാജകീയം" പരിപാടിക്കെത്തിയ ഇവരെ മഹാകലാലയം ആദരിച്ചു. പ്രണയവിവാഹിതരായ 25ഓളം ദമ്പതിമാര്‍ക്ക്‌ "മഹാരാജാസിന്‌ പ്രണയപൂര്‍വം" എന്ന പുസ്‌തകം ഉപഹാരമായി നല്‍കി. കോണ്‍ഗ്രസ്‌ നേതാവ്‌ പി.ടി. തോമസിന്‌ മഹാരാജകീയപ്രണയം ഇന്നും മധുരിക്കുന്ന ഓര്‍മയാണ്‌. 1978-80 എം.എ.യ്‌ക്ക്‌ പഠിച്ച തോമസ്‌ ബിരുദവിദ്യാര്‍ഥിനിയായിരുന്ന ഉമയെ പ്രണയിച്ച്‌ ജീവിതപങ്കാളിയാക്കുകയായിരുന്നു. ""മരോട്ടിച്ചോട്ടിലും വരാന്തയിലുമെല്ലാം കിട്ടുന്ന നേരങ്ങളില്‍ സ്‌നേഹം പങ്കുവയ്‌ക്കും, അതൊടുവില്‍ ജീവിതത്തിലേക്ക്‌ പകര്‍ത്തി"" പി.ടി. തോമസ്‌ അക്കാലം ഓര്‍ത്തെടുത്തു. "കത്തുകളിലൂടെയായിരുന്നു സ്‌നേഹം കൈമാറിയിരുന്നത്‌. ആ തുണ്ടു കടലാസുകളിലെ കുറിപ്പുകള്‍ക്ക്‌ പകരംവയ്‌ക്കാന്‍ എസ്‌.എം.എസിനൊന്നുമാവില്ല" -തിരക്കഥാ കൃത്ത്‌ സത്യനും അഡ്വ. ഷീജയും 80കള്‍ക്കൊടുവിലെ തങ്ങളുടെ മഹാരാജകീയ പ്രണയത്തെപ്പറ്റി വിവരിച്ചു. കഥാകൃത്ത്‌ ഗ്രേസിക്കും ശശികുമാറിനും മഹാരാജാസിലെ പ്രണയം സംഗീതാത്മകമായ ഓര്‍മ്മയാണ്‌. ""നന്നായി പാടുമായിരുന്നു. പാടി ഞാന്‍ അവളെ പാട്ടിലാക്കി"" -ശശികുമാര്‍ പറഞ്ഞു. 70കള്‍ക്കൊടുവിലായിരുന്നു ഇവര്‍ മഹാരാജാസില്‍ പഠിച്ചത്‌. അനുരാഗം വിരിഞ്ഞ തണല്‍മരച്ചോട്ടിലൂടെയും കളിച്ചും പഠിച്ചും വളര്‍ന്ന കലാലയ പരിസരങ്ങളിലൂടെയും പലവുരു നടന്നലഞ്ഞ്‌ കുട്ടിത്തം വിടാത്ത പ്രണയകാലത്തേക്ക്‌ 25ഓളം ദമ്പതിമാര്‍ ഒരു ദിനം തിരിച്ചുവന്നു.